Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : New Varappuzha

Ernakulam

പു​തി​യ വ​രാ​പ്പു​ഴ പാ​ലം തു​റ​ന്നു; ദേ​ശീ​യ​പാ​ത​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് കു​റ​യും

കൊ​ച്ചി: ദേ​ശീ​യ​പാ​ത 66ലെ ​ഇ​ട​പ്പ​ള്ളി-​മൂ​ത്ത​കു​ന്നം സ്‌​ട്രെ​ച്ചി​ല്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യ പു​തി​യ വ​രാ​പ്പു​ഴ പാ​ലം ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു. പെ​രി​യാ​റി​ന് കു​റു​കെ ബാ​ല​ന്‍​സ്ഡ് കാ​ന്‍റി​ലി​വ​ര്‍ മാ​തൃ​ക​യി​ല്‍ നി​ര്‍​മി​ച്ച പാ​ലം നി​ശ്ച​യി​ച്ച​തി​നേ​ക്കാ​ളും നേ​ര​ത്തെ 604 ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ലാ​ണ് പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ ഉ​ദ്ഘാ​ട​ന മാ​മാ​ങ്ക​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ ജ​ന​കീ​യ​മാ​യാ​യി​രു​ന്നു ഉ​ദ്ഘാ​ട​നം. പാ​ലം തു​റ​ന്നു​കി​ട്ടി​യ​തോ​ടെ ദേ​ശീ​പാ​താ നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗ​താ​ഗ​ത​ക്കു​രു​ക്കി​ല്‍ വ​ല​യു​ന്ന യാ​ത്ര​ക്കാ​ര്‍​ക്ക് ചെ​റി​യ ആ​ശ്വാ​സ​മാ​കും.

1,026 മീ​റ്റ​ര്‍ നീ​ള​മു​ള്ള ഈ ​പാ​ലം 100 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച​ത്. 26 സ്പാ​നു​ക​ളു​ള്ള പാ​ല​ത്തി​ന്‍റെ മ​ധ്യ സ്പാ​നി​ന്‍റെ നീ​ളം 120 മീ​റ്റ​റാ​യ​തി​നാ​ൽ ബോ​ട്ടു​ക​ള്‍​ക്കും വ​ലി​യ വ​ള്ള​ങ്ങ​ള്‍​ക്കും ത​ട​സ​മി​ല്ലാ​ത്ത സ​ഞ്ച​രി​ക്കാ​ന്‍ ക​ഴി​യും. കൊ​ച്ചി വാ​ട്ട​ര്‍ മെ​ട്രോ, എ​സ്ഡ​ബ്ല്യു​ടി​ഡി ബോ​ട്ടു​ക​ള്‍, പ്രാ​ദേ​ശി​ക ഫെ​റി​ക​ള്‍ എ​ന്നി​വ​യ്ക്ക് ഈ ​ഭാ​ഗ​ത്ത് ത​ട​സ​മി​ല്ലാ​ത്ത ഗ​താ​ഗ​തം സാ​ധ്യ​മാ​ക്കു​ന്ന​താ​ണ് പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണ സ​വി​ശേ​ഷ​ത.

പാ​ലം യാ​ഥാ​ര്‍​ഥ്യ​മാ​യെ​ങ്കി​ലും ദേ​ശീ​യ​പാ​ത​യി​ലെ 26 കി​ലോ​മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ ആ​റു​വ​രി പാ​ത​യൊ​രു​ക്കു​ന്ന പ്ര​വൃ​ത്തി​ക​ൾ പൂ​ര്‍​ത്തി​യാ​കാ​ന്‍ ഇ​നി​യും കാ​ത്തി​രി​ക്കേ​ണ്ടി​വ​രും. 2026 ഓ​ഗ​സ്റ്റി​ല്‍ തീ​രേ​ണ്ട​താ​യ പ്ര​വൃ​ത്തി​ക​ൾ ഡി​സം​ബ​റോ​ടെ പൂ​ര്‍​ത്തി​യാ​കു​ക​യു​ള്ളൂ എ​ന്നാ​ണ് ദേ​ശീ​യ​പാ​താ അ​ഥാ​റി​റ്റി പ​റ​യു​ന്ന​ത്. കോ​ട്ട​പ്പു​റം, മൂ​ത്ത​കു​ന്നം എ​ന്നി​വി​ട​ങ്ങ​ളി​ലെ പാ​ല​ങ്ങ​ള്‍ ഒ​ഴി​കെ മ​റ്റ് എ​ല്ലാം പൂ​ര്‍​ത്തി​യാ​യി​ട്ടു​ണ്ട്. 3465 കോ​ടി​യു​ടെ ദേ​ശീ​യ​പാ​താ വി​ക​സ​ന പ​ദ്ധ​തി​യാ​ണ് ഈ ​റീ​ച്ചി​ല്‍ ന​ട​ക്കു​ന്ന​ത്.

 

Latest News

Corehub Up